ഹോട്ടലുടമയുടെ കൊലപാതകം: സിദ്ധിഖിന്റെ അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും നഷ്ടമായി

sidhique

കോഴിക്കോടുള്ള ഹോട്ടലുടമയെ കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ മാസം 18നാണ് പിതാവിനെ കാണാതായതെന്ന് കൊല്ലപ്പെട്ട സിദ്ധഖിന്റെ മകൻ ഷഹദ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി(22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന(18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പതിനഞ്ച് ദിവസം മുമ്പ് മാത്രമാണ് ഷിബിൻ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഈ മാസം 18ന് ഷിബിലിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് അച്ഛനെ കാണാതായതെന്ന് ഷഹദ് പറഞ്ഞു. മൊബൈലിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്

കാണാതായതിന് പിന്നാലെയും എല്ലാ ദിവസവും എടിഎം വഴി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നു. രണ്ട് ലക്ഷം രൂപയോളമാണ് സിദ്ധിഖിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതെന്നും ഷഹദ് പറഞ്ഞു. ഇന്നലെ അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് രണ്ട് ട്രോളി ബാഗുകളിലായി സിദ്ധിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മണ്ണാർക്കാട് സ്വദേശികളായ പ്രതികളെ ചെന്നൈയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
 

Share this story