ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിയും ഫർഹാനയും പിടിയിലായത് എഗ്മോറിൽ നിന്ന്
Fri, 26 May 2023

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത്ത് ഫർഹാന(18) എന്നിവരെ പിടികൂടിയത് ചെന്നൈ എഗ്മോറിൽ വെച്ച്. ജംഷഡ്പൂരിലെ ടാറ്റാ നഗറിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇവരുടെ കയ്യിൽ നിന്ന് പൂട്ടിയ നിലയിലുള്ള ഒരു ട്രോളി ബാഗും ഫർഹാനയുടെ പാസ്‌പോർട്ടും 16,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് പ്രതികൾ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആർപിഎഫിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിബിലിയും ഫർഹാനയും എഗ്മോറിൽ പിടിയിലാകുന്നത്. ടാറ്റ നഗറിലേക്കുള്ള ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ഇന്ന് രാവിലെ ഇവിടെ എത്തിയ തിരൂർ പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി.