ജനവിധിക്ക് ഇനി മണിക്കൂറുകൾ; വിജയം ഉറപ്പിച്ച് യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്തേക്ക്: കേരളം ആകാംക്ഷയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തില്‍ യുഡിഎഫ്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാത്രിയോടെ എത്തും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവ് കെ സുധാകരന്‍ എന്നിവരും നാളെ തിരുവനന്തപുരത്തെത്തും. വോട്ടെണ്ണല്‍ ദിവസം പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേതാക്കള്‍ക്ക് വോട്ടെണ്ണല്‍ വീക്ഷിക്കാന്‍ ഇന്ദിര ഭവനില്‍ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃപ്പൂണിത്തുറയില്‍ തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് മൻ മന്ത്രികൂടിയായ കെ ബാബുവും പറഞ്ഞു. സിപിഐഎമ്മിന്റെ വിലയിരുത്തല്‍ അവര്‍ തോല്‍ക്കുമെന്നാണ്. കളമശേരിയില്‍ ബിജെപി വോട്ട് കിട്ടിയാല്‍ വിജയിക്കുമെന്നാണ് സിപിഐഎം കണക്കുകൂട്ടല്‍. കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസി ല്‍ നിന്നായതിനാല്‍ ഗഫൂര്‍ തോല്‍ക്കാന്‍ വേണ്ടി വോട്ട് രാജീവിന് നല്‍കാന്‍ സാധ്യതയുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കളമശേരിയില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ട്. പറയാന്‍ താല്‍പര്യമില്ലാത്ത പല കാര്യങ്ങളും കെ എന്‍ ഉണ്ണികൃഷ്ണന് എതിരായുണ്ടെന്നും കെ ബാബു ആരോപിച്ചു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലം 2021 ല്‍ വന്നപ്പോള്‍ അത് ശരിയെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലം എതിരായപ്പോള്‍ അത് തെറ്റാണെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണലൂരില്‍ ത്രികോണ മത്സരമാണെന്ന് മണലൂരിലെ സ്ഥാനാർത്ഥി ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. 100% വിജയം പ്രതീക്ഷയുണ്ട്. പോളിങിന് ശേഷം മണ്ഡലത്തില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസം. നല്ല ഭൂരിപക്ഷം ഉണ്ടാകും. റിസ്‌ക് എടുത്താണ് മണലൂരില്‍ മത്സരിക്കാന്‍ വന്നത്. എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷമുള്ള മണലൂരില്‍ മത്സരിക്കാനെടുത്ത തീരുമാനം റിസ്‌ക് ഉള്ളതായിരുന്നു. കഴിഞ്ഞ രണ്ടുതവണ എല്‍ഡിഎഫ് ജയിച്ചത് യുഡിഎഫിന്റെ നോട്ടപ്പിശക് കൊണ്ടാണ്. ബിജെപി കിറ്റും പണവും സാരിയും പരസ്യമായി വിതരണം ചെയ്തു. പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താന്‍ മന്ത്രിയാകും എന്നത് പ്രചാരണം മാത്രമാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തന്നോട് ഇഷ്ടമുള്ളവരും വിരോധമുള്ളവരും ഒരുപോലെ പ്രചരിപ്പിക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ ഫലം വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ക്കപ്പുറത്തേക്കുള്ള സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും. കുണ്ടറ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. അധികാരത്തിലെത്തിയാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിഭേദമന്യേ ജനം കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ ആഗ്രഹിക്കുന്നുവെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി പ്രതികരിച്ചു. ആറന്മുളയില്‍ അള്‍ട്രാ കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം തനിക്ക് ലഭിക്കും. ബിജെപി വോട്ടുകള്‍ സിപിഐഎമ്മിലേക്ക് പോകരുതേ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 2021 ല്‍ ബിജെപി വോട്ടുകള്‍ ലഭിച്ചതിനാലാണ് വീണാ ജോര്‍ജ്ജിന് ഭൂരിപക്ഷം കൂടിയതെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതികരണം. ഇത് ഒരു സര്‍വ്വേകള്‍ക്കും കണ്ടുപിടിക്കാന്‍ കഴിയിഞ്ഞിട്ടില്ല. കേരളത്തില്‍ 1977 ആവര്‍ത്തിക്കും. 111 സീറ്റുകള്‍ നേടും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പൊട്ടിത്തെറിയെന്ന പ്രതീക്ഷയക്ക് ആയുസില്ല. തീരുമാനം ഹൈക്കമാന്‍ഡ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ വിജയത്തിന് അടിവരയിടുന്നുവെന്നും യുഡിഎഫ് സെക്രട്ടറി സി പി ജോണ്‍ പറഞ്ഞു. 77 മുതല്‍ 81 വരെ സീറ്റുകള്‍ ലഭിക്കും. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ വലിയ മാറ്റം ഉണ്ടാകും. മലപ്പുറത്ത് യുഡിഎഫ് തൂത്തുവാരും. സിപിഐഎമ്മില്‍ ചില കോട്ടകുലുക്കങ്ങള്‍ നടന്നിട്ടുണ്ട്. സിപിഐഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടവര്‍ അവര്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു. അങ്ങനെ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും എന്നാല്‍ പേര് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെ സിപിഐഎം പ്രവര്‍ത്തകര്‍ പറ്റിച്ചു. സിപിഐഎമ്മിന് അണികളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞു. നല്ല രീതിയിലുള്ള മുന്നേറ്റമുണ്ടാകും. മലപ്പുറത്ത് 16-ല്‍ 16-ഉം കിട്ടും. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല എന്ന നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
