തലസ്ഥാനത്ത് വൻ ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ; ഇരയായവരിൽ കൂടുതലും വിദേശികൾ

ലോൺ ആപ്പ്

തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലോൺ ആപ്പ് തട്ടിപ്പ് സംഘത്തെ പോലീസ് വലയിലാക്കി. സംഭവവുമായി ബന്ധപ്പെട്ട് 18 ഉത്തരേന്ത്യൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശികളായ ആളുകളെ, പ്രത്യേകിച്ച് അമേരിക്കക്കാരെയും പ്രവാസികളെയുമാണ് സംഘം പ്രധാനമായും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്.

​ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വില്പനയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' റെയ്ഡിനിടെയാണ് യാദൃശ്ചികമായി വ്യാജ ലോൺ ആപ്പ് കേന്ദ്രം പോലീസിന്റെ പിടിയിലാകുന്നത്. താവളത്തിൽ നിന്നും 50-ഓളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

ശ്രീകാര്യം കേന്ദ്രമാക്കിയാണ് തട്ടിപ്പ് കമ്പനിയുടെ പ്രവർത്തനം. അന്യസംസ്ഥാന തൊഴിലാളികൾ ശ്രീകാര്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടംം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തട്ടിപ്പിനെ കുറിച്ചുള്ള വിവരം മനസിലാക്കിയതോടെ തിങ്കളാഴ്ച പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ജീവനക്കാരിൽ ഒരാൾ വിമാനത്താവളം മുഖേന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെയും സാഹസികമായി പിടികൂടി.

​ആധുനിക സാങ്കേതികവിദ്യയും ഹൈടെക് സൗകര്യങ്ങളും ഉപയോഗിച്ചാണ് സംഘം വായ്പ തട്ടിപ്പ് നടത്തിയിരുന്നത്. വായ്പ നൽകിയ ശേഷം സ്വകാര്യ വിവരങ്ങൾ ചോർത്തുകയും, ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ പ്രവർത്തന രീതി. അറസ്റ്റിലായവരെക്കുറിച്ചും തട്ടിപ്പ് ശൃംഖലയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Tags

Share this story