ട്രക്കിൽ എസിയുമായി വന്ന് വൻ കൊള്ള; മണ്ണുത്തിയിലെ 40 പവൻ കവർച്ചാക്കേസിൽ അന്തർസംസ്ഥാന കവർച്ചാ സംഘം പിടിയിൽ

തൃശ്ശൂർ കവർച്ച

ഒരു  മാസം മുമ്പ് തൃശൂര്‍ മണ്ണുത്തിയില്‍ നാടിനെ വിറപ്പിച്ച് വീട്ടില്‍ കൊള്ള നടന്നു. നാല്‍പത് പവനും അന്‍പതിനായിരം രൂപയും. മൂന്നു പേരാണ് മുഖംമൂടി ധരിച്ച് വീട്ടില്‍ക്കയറി മുതിര്‍ന്ന പൗരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. മുതിര്‍ന്ന പൗരന്‍ മാത്രമായിരുന്നു വീട്ടില്‍. മുഖംമൂടിക്കാരുടെ സ്വര്‍ണ കൊള്ളയില്‍ നാടാകെ പേടിച്ചു. ആരാണ് ഈ കൊള്ളക്കാര്‍. മണ്ണുത്തി പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചു. ഒരു രക്ഷയില്ല. അന്വേഷണം പ്രത്യേക സ്ക്വാഡിനെ ഏല്‍പിച്ചു തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്രന്‍ ദേശ് മുഖ്. എ.എസ്.ഐ പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. 

ഏക സൂചന ട്രക്കിന്‍റെ വരവ് മാത്രം

വീടിന്‍റെ സമീപപ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ചു. പക്ഷേ, കള്ളന്‍മാരുടെ ദൃശ്യങ്ങളില്ല. കവര്‍ച്ച നടന്നതിനു മുമ്പ് ഒരു ട്രക്ക് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്നു. കവര്‍ച്ച നടന്നതിനു ശേഷം ഈ ട്രക്ക് പെട്ടെന്ന് എടുത്തു പോയി. ഈ ട്രക്കിന്‍റെ ഡ്രൈവര്‍ ആരാണ്?. ഏതു ലോജിസ്റ്റിക് കമ്പനിയുടേതാണ് വണ്ടി?. ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയായി പൊലീസിന്‍റെ യാത്ര. അന്വേഷണം ചെന്നെത്തിയത് ഡല്‍ഹിയിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ വന്ന ഡ്രൈവര്‍ ആരായിരുന്നുവെന്ന് കണ്ടെത്തി. ഡ്രൈവറെക്കുറിച്ച് അന്വേഷിച്ചു. ഈ ട്രക്കില്‍ അ‍ഞ്ചു പേര്‍ യാത്ര ചെയ്തിരുന്നതായി ടോള്‍പ്ലാസയുടെ സിസിടിവി കാമറയില്‍ കണ്ടിരുന്നു. എന്തിനാണ്, ട്രക്കില്‍ അഞ്ചു പേര്‍. ഒരാളാണ് സാധാരണ വരാറുള്ളത്. കൂടിയാല്‍ മറ്റൊരു സഹായിയും. ചോദ്യംചെയ്യല്‍ തുടര്‍ന്നു

നാലു പേര്‍ മോഷ്ടാക്കളായിരുന്നു

ട്രക്ക് ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ രാജസ്ഥാനിലെ മോഷ്ടാക്കളാണ്. ട്രക്കില്‍ വന്ന് കര്‍ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും കവര്‍ച്ച നടത്തി മടങ്ങുന്നതാണ് രീതി. കൊച്ചിയിലേയ്ക്ക് എ.സികളുമായി ഡല്‍ഹിയില്‍ നിന്ന് വന്നതാണ് ലോജ്സ്റ്റിക് കമ്പനിയുടെ ട്രക്ക്. പക്ഷേ, ഡ്രൈവര്‍ മറ്റൊരു ക്വട്ടേഷന്‍ കൂടിയെടുത്തു. മോഷണ സംഘത്തിന്‍റെ യാത്രാ വാഹനമായി ഈ ട്രക്കിനെ മാറ്റി. അങ്ങനെ, മറ്റു നാലു പേരുടെ വിലാസം കൂടി കിട്ടി. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയത്. മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നു.

വന്‍ കോളടിച്ചു മോഷണ സംഘത്തിന്

വീട് തിരഞ്ഞെടുത്തത് ആകസ്മികമായാണ്. ദേശീയപാതയില്‍ വണ്ടി നിര്‍ത്തി. പിന്നെ, കുറച്ച് ഉള്ളിലേയ്ക്ക് നടന്നു. ഈ വീട്ടില്‍ കയറിയപ്പോള്‍ പുറകിലെ വാതില്‍ നേരാവണ്ണം അടച്ചിരുന്നില്ല. കാര്യങ്ങള്‍ എളുപ്പമായി. വീട്ടില്‍ മുതിര്‍ന്ന പൗരന്‍ മാത്രം. മറ്റു കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പതു പവന്‍റെ ആഭരണങ്ങളും അരലക്ഷം രൂപയുമായി കൊള്ളസംഘം മടങ്ങി. വാതില്‍ തുണിതിരുകിയും കൈകള്‍ ബന്ദിച്ചും മുതിര്‍ന്ന പൗരനെ ഭയപ്പെടുത്തി. ആളുള്ള വീടുകളില്‍ കയറുന്നതാണ് ഇവരുടെ രീതി. പ്രതിരോധിച്ചാല്‍ ആക്രമിക്കും. അപകടകാരികളായ മോഷ്ടാക്കളുടെ വലിയൊരു ശൃംഖലയുണ്ട് രാജസ്ഥാനില്‍. ആ സംഘത്തില്‍പ്പെട്ടവരാണ്. കേരളത്തില്‍ വന്നാല്‍ കൊള്ളയടിച്ച് വെറുതെ പോകാന്‍ പറ്റില്ലെന്ന് കള്ളന്‍മാര്‍ തിരിച്ചറിഞ്ഞു കാണണം. 

കവര്‍ച്ചാ സംഘത്തെ കുടുക്കിയ പൊലീസ് സേനാംഗങ്ങള്‍ ഇവരാണ്. ഒല്ലൂര്‍ എ.സി.പി കെ.പി. തോംസണ്‍, മണ്ണുത്തി  ഇന്‍സ്പെക്ടര്‍ ജിജു സി.വി, എസ്.ഐ. സി.ഡി. ഡേവിസ്, ടി.ജി. ജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.പി.അനീഷ്, വേണുഗോപാല്‍, മഹേഷ്, സാംഗോക്ക് ടീം അംഗങ്ങളായ എ.എസ്.ഐ. പി.കെ. പഴനിസ്വാമി, എസ്.സി.പി.ഒമാരായ സജി ചന്ദ്രന്‍, കൃഷ്ണപ്രദാസ്, സി. ശ്രീജിത്ത്, സി.പി.ഒമാരായ കെ.പി.സുനീബ്, റെജിന്‍ സി. രാജന്‍ പി.ടി.സിംസണ്‍, പി.ജെ. നൈജോണ്‍, കെ. അരുണ്‍ എന്നിവര്‍. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക അഭിനന്ദനത്തിനും ഈ ടീം അര്‍ഹരായി.

Tags

Share this story