രാജമോഹൻ ഉണ്ണിത്താന്റെ മുന്നിൽ ഞാൻ അൽപ്പൻ; അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവ്: വിമർശനങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ
കോൺഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി മാത്യു കുഴൽനാടൻ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടു. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവ്. രാജമോഹൻ ഉണ്ണിത്താന്റെ മുന്നിൽ താൻ അൽപ്പൻ തന്നെയാണ്. ഇതിന് ഇക്കാരണത്താൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ലീഗിനെ കുറിച്ച് നടത്തിയ പരാമർശം പ്രത്യേക സാഹചര്യത്തിൽ. അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്.
മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുത്. നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി ജയിച്ചത് വയനാട്ടില്‍ നിന്നാണ്, പ്രിയങ്ക ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍ഗോഡിന്റെയും എംപിയാണ്. കെ സുധാകരന്‍ കണ്ണൂരിന്റെയും ഷാഫി പറമ്പില്‍ വടകരയിലെയും എംപിയാണ്. അനില്‍ കുമാര്‍ വണ്ടൂര്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്ന് തങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുസ്ലിം ലീഗ് യുഡിഎഫിന്റെ ടീമില്‍പ്പെട്ട ആളുകളാണ്. അവര്‍ക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. അത് രഹസ്യമായും പരസ്യമായും പറയാം. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നത് ന്യൂനപക്ഷങ്ങള്‍ സഹായിച്ചതുകൊണ്ടാണ്. അവര്‍ക്കൊക്കെ അവരുടെ ആഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും പറയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
