ഡിജിപിയെ വിളിച്ചത് ഞാൻ, പിടി തോമസ് ഒക്കെ വന്നത് അതിന് ശേഷമാണ്; വെളിപ്പെടുത്തലുമായി ലാൽ
നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന്റെ ഇടപെടലാണ് നിർണായകമായതെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നതിനിടെ വെളിപ്പെടുത്തലുമായി സംവിധായകനും നടനുമായ ലാൽ. പെൺകുട്ടിയെ കണ്ട് നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ അത് ചെയ്തവരെ കൊന്നുകളയണമെന്നാണ് തോന്നിയതെന്ന് ലാൽ പറഞ്ഞു. അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് സംഭവത്തെ കുറിച്ച് പറഞ്ഞത് താനാണ്. അല്ലാതെ പിടി തോമസ് അല്ലെന്നും ലാൽ വ്യക്തമാക്കി
ഡ്രൈവർ മാർട്ടിൻ പറഞ്ഞ കാര്യങ്ങളിൽ ആദ്യം തന്നെ സംശയം തോന്നിയിരുന്നു. ആ കുട്ടി അന്ന് എന്റെ വീട്ടിലേക്ക് കയറി വന്ന് അനുഭവിച്ച വിഷമം പറഞ്ഞ് കേട്ടപ്പോൾ പ്രതികളായവരെ എല്ലാവരെയും കൊന്നു കളയണമെന്നാണ് തോന്നിയത്. ഇന്നലെ വിധി വന്നു. അവർ ശിക്ഷിക്കപ്പെടുന്നു. എന്തായാലും അവർക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ വിധിയിൽ ഞാൻ സന്തോഷവാനാണ്
ഗൂഢാലോചനയുടെ കാര്യം ഒരുപക്ഷേ എന്നേക്കാൾ കൂടുതൽ നിങ്ങൾക്കറിയാം. കോടതിക്ക് അറിയാം. അതിനെ കുറിച്ച് പറയുന്നതിൽ അർഥമില്ല. കുട്ടി വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ ആദ്യം ബെഹ്‌റ സാറിനെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നത് ഞാനാണ്. അല്ലാതെ പിടി തോമസ് ഒന്നുമല്ല. അതിന് ശേഷമാണ് പിടി തോമസ് ഒക്കെ വന്നത്.
അതുപോലെ ഇടയ്‌ക്കെപ്പോഴോ പിടി തോമസ് സാർ മാർട്ടിൻ എന്ന പ്രതിയായ ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞു. ഞാനാണ് പറഞ്ഞത് അവിടെ നിൽക്കട്ടെ, അവനെ എനിക്ക് സംശയമുണ്ട് എന്ന് പറഞ്ഞത്. ഇത് ഞാൻ പോലീസിനോട് പറഞ്ഞതു കൊണ്ടാണ് മാർട്ടിനെ പോലീസ് കൊണ്ടുപോയത്. ഞാൻ ചെയ്തത് വലിയൊരു കാര്യമാണെന്ന് വിശ്വസിക്കുന്നു. അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്നും ലാൽ വിശദീകരിച്ചു
