ഞാൻ വന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ല; മേജർ രവിക്കെതിരേ പച്ചക്കറി വ്യാപാരികൾ: പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യം

മേജർ രവി

നടനും സംവിധായകനുമായ മേജർ രവിക്കെതിരേ രൂക്ഷ വിമർശനവുമായി കേരള വെജിറ്റബിൾ മർച്ചന്‍റ്സ് അസോസിയേഷൻ രംഗത്ത്. സിജെപി പ്രതിഷേധത്തെ വിമർശിച്ചുകൊണ്ടുള്ള മേജർ രവിയുടെ ഒരു പ്രസ്താവനയാണ് വിവാദമായത്. 'ഞാൻ ഇറങ്ങിവന്നത് പട്ടാളത്തിൽ നിന്നാണ് അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല, അതാരും മറക്കേണ്ടതില്ല എന്നായിരുന്നു മേജർ രവി പറഞ്ഞത്.

ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചു ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന തരത്തിലാണ് മേജർ രവിയുടെ പരാമർശം എന്നാരോപിച്ചാണ് വെജിറ്റബിൾ മർച്ചന്‍റ്സ് അസോസിയേഷൻ രംഗത്തെത്തിയത്. അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെ നിസ്സാരവത്കരിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമായ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ മേജർ രവിക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും എന്നാണ് വ്യാപാരി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കിയത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് മേജർ രവി വിഡിയോ പങ്കുവച്ചിരുന്നു. സമരം നടത്തിയ വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രസ്താവനകൾ. കൂാടതെ മോഹൻലാലിന്‍റെ മകൾ വിസ്മയ പ്രതികരിച്ചത് രാഷ്ട്രീയം അറിയാതെയാണെന്നും മേജർ രവി പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. പിന്നാലെയാണ് താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന് പറഞ്ഞ് മേജർ രവി രംഗത്തെത്തിയത്

Tags

Share this story