കമന്റുകൾ വായിക്കാറില്ല; എന്ത് പോസ്റ്റ് ചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിക്കണമെന്ന് സുഹൃത്ത് പറഞ്ഞു: സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് വിസ്മയ മോഹൻലാൽ

വിസ്‌മയ മോഹൻലാൽ

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി വിസ്മയ മോഹൻലാൽ. താൻ സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കാറില്ലെന്നും, എന്ത് പോസ്റ്റ് ചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിക്കണമെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചതായും വിസ്മയ പറഞ്ഞു.

​ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പോലീസ് നടപടിക്കെതിരെയും സമരം ചെയ്ത വിദ്യാർഥികളെ പിന്തുണച്ചുകൊണ്ട് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റാണ് വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചത്. "സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?" എന്നായിരുന്നു വിസ്മയ കുറിച്ചിരുന്നത്.

​തുടർന്ന് നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടക്കുകയുണ്ടായി. വിസ്മയയുടെ അഭിനയ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളടക്കം ഉയർന്നുവന്നു.

​ഇതിനോടകം ഉയർന്ന വിവാദങ്ങളെക്കുറിച്ച് സംസാരിക്കവേ, താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി അറിയാമെന്നും, ഇൻസ്റ്റഗ്രാമിലെ പ്രതികരണങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ വായിച്ച് സമയം കളയാറില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ ഭാവിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ പുലർത്തുമെന്നും വിസ്മയ കൂട്ടിച്ചേർത്തു.

Tags

Share this story