വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല; ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഇപി ജയരാജൻ

EP ജയരാജൻ

കണ്ണൂർ: വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും , ശശിധരൻ കർത്തയിൽ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. എസ് എൻ ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് അനന്തിരവൻ ശ്യാംജിത്ത് ഇപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇപി ജയരാജൻ രം​ഗത്തെത്തിയത്.

ശ്യംജിത്ത് പല ക്രമക്കേട് ചെയ്ത ആളാണെന്നും തന്റെ ബന്ധു ആയതുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഒരുപാട് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ട്. ശ്യംജിത് വൈദേകം പിആർഒ എന്ന് കാർഡ് അടിച്ചു പണം വാങ്ങിയെന്നും ഇപി ജയരാജൻ ആരോപിച്ചു. ശ്യാംജിത്തിന് എല്ലാ സഹായവും ചെയ്ത് പൊക്കി കൊണ്ടുവന്നിട്ടുണ്ടെന്നും താൻ രക്ഷിച്ചയാളാണെന്നും അദേഹം കൂട്ടിച്ചേർത്തു. അസംബന്ധത്തിന് ഒരു പരിധിയുണ്ട്. കുടുബപ്രശ്നമല്ലെന്നും കുടുംബത്തിലെ വിഷമാണെന്നും അദേഹം പറഞ്ഞു.

ആരോപണം ഉന്നയിച്ച ആൾക്കെതിരെയും റിപ്പോർട്ടർ ചാനലിനെതിരെയും താനും ഭാര്യയും പരാതി നൽകുമെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ചാനൽ തെമ്മാടിത്തരം കാണിക്കുന്നു. ഇങ്ങനെയാണോ ഒരു ചാനൽ നടത്തേണ്ടതെന്ന് അദേഹം ചോദിച്ചു. കുടുംബം തകർക്കാൻ ശ്യാംജിത് ശ്രമിച്ചു. അതിന് ചാനലും കൂട്ട് നിന്നു. റിപ്പോർട്ടർ ടിവിക്ക് എതിരെ പ്രസ് കൗൺസിലിൽ താനും ഭാര്യയും പരാതി നൽകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

Tags

Share this story