എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കേണ്ട അവകാശം എനിക്ക് നൽകണം; ഇ ഡി റെയ്ഡിലെ മൗനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളില്‍ മൗനം തുടര്‍ന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നല്‍കണമെന്നും ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം
ആ അവകാശമെങ്കിലും ദയവുചെയ്ത് തനിക്ക് നല്‍കണം. താന്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ മറുപടി പറയാനും അവകാശമുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോലും മാധ്യമങ്ങള്‍ക്ക് പോകാന്‍ കഴിയില്ലായിരുന്നു. തന്നെ അതുമായി താരതമ്യം ചെയ്യരുത്. പഠിച്ച് മനസ്സിലാക്കി വേണം പ്രതികരിക്കാന്‍. ഉത്തരം നൽകേണ്ട കാര്യം മാധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.
ഇത് കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസാണ്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു റോളുമില്ല. പിരിഞ്ഞുപോകുന്ന കാര്യം പോലും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുകയാണ്. കുറേ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞു.
നടന്നത് ക്രമസമാധാന ലംഘനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഈ കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ ഇതേവരെ ഇ ഡി ഒന്നും ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്?. കേസ് രാഷ്ട്രീയമാണെങ്കിൽ രാഷ്ട്രീയമായി സിപിഐഎമ്മിന് പ്രതിഷേധിക്കാം. അന്വേഷണം തുടരണമെന്ന് ഏജൻസിയോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. കോടതി അനുവദിച്ച അന്വേഷണം നടത്താൻ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമാണ് ഇ ഡി റെയ്‌ഡ്. ഇ ഡി എങ്ങനെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാരിന് പറയാനാവുമോ?.
നിയമവിരുദ്ധമായ അന്വേഷണമെങ്കിൽ ആർക്കും കോടതിയിൽ പോകാം. അതിൽ രാഷ്ട്രീയ പ്രശ്നമുണ്ടെങ്കിൽ സിപിഐഎം രാഷ്ട്രീയം പറയട്ടെ. ചില സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ബുദ്ധിപൂർവമായി ഇടപെടണം. അതാണ് അവിടെയും ഉണ്ടായത്. കേരളാ പൊലീസ് വിചാരിച്ചാൽ ഏത് പാർട്ടി ഓഫീസിൽ വേണമെങ്കിലും കയറാം. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അതുകൊണ്ടാണ് താൻ പൊലീസിനെ അഭിനന്ദിച്ചത്. കേന്ദ്രത്തെ വിമർശിക്കുന്ന ഘട്ടം വരുമ്പോൾ വിമർശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നയപ്രഖ്യാപനം സര്‍ക്കാര്‍ നയങ്ങളുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും പുതുയുഗ യാത്ര തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കും. സഹകരണ മേഖലയെ തിരികെ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കും. സര്‍വകലാശാലകളെയും സ്ഥാപനങ്ങളെയും സെന്റര്‍ ഓഫ് എക്സലന്‍സാക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന് താത്പര്യമെന്നും സതീശൻ പറഞ്ഞു.
മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കുമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശൻ പറഞ്ഞു. എഐക്ക് പ്രത്യേക പരിഗണന നല്‍കും. പൊതുജനാരോഗ്യം ശക്തിപ്പെടുത്തും. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തും. എസ്‌സി- എസ്ടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. തീരമേഖലയിലെയും മലയോര മേഖലയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. നയപ്രഖ്യാപനം അനുസരിച്ചുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. വിസ്മയങ്ങളുള്ള ബജറ്റാവും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയരാഹിത്യ പ്രഖ്യാപന'മായിരുന്നു നയപ്രഖ്യാപനമെന്ന പ്രതിപക്ഷ നേതാവ് പിണറായിവിജയന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ നയമല്ല തങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ച് കൂടുതല്‍ പഠിച്ച് തീരുമാനമെടുക്കും. കിഫ്ബിയെക്കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക സംഘത്തെ വയ്ക്കും. നയങ്ങള്‍ പറഞ്ഞാണ് തങ്ങള്‍ ജയിച്ചത്. കേരളത്തിന്റെ കയറ്റുമതി മേഖല മെച്ചപ്പെടും. നല്ല സാമ്പത്തിക മാനേജ്‌മെന്റ് ഉണ്ടാകും. ഖജനാവിന്റെ ലീക്കേജ് തടയും. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളും പ്രവര്‍ത്തിക്കുന്നത്. കൃത്യമായ തീരുമാനങ്ങളുള്ള പാര്‍ട്ടിയും മുന്നണിയുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
