പാർട്ടി പറയുന്നിടത്ത് മത്സരിക്കും; വട്ടിയൂർക്കാവാണ് എന്റെ പ്രവർത്തന മണ്ഡലം: കൃഷ്ണകുമാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റിൽ മത്സരിക്കുമെന്നും എന്നാൽ വട്ടിയൂർക്കാവാണ് തന്റെ പ്രവർത്തന മണ്ഡലമെന്നും കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ തവണ പാർട്ടി പറഞ്ഞിടത്ത് മത്സരിച്ചു. പാർട്ടി ഓരോ സീറ്റിലും മത്സരിക്കാൻ ഓരോരുത്തരോടും പറയുന്നതിൽ കാരണമുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽ മത്സരിച്ചതിന് ശേഷം തിരുവനന്തപുരത്താണ് ഞാൻ പ്രവർത്തനം സജീവമാക്കിയത്.
എന്നാൽ കൊല്ലത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി എന്തുകൊണ്ട് എന്നെ കൊല്ലത്ത് അയച്ചുവെന്ന് പിന്നീട് മനസിലായി. അവിടെ ബിജെപിക്ക് സാധ്യത കുറവാണെങ്കിലും വോട്ട് വിഹിതം ഉയർത്താൻ എനിക്ക് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വർധിക്കുകയും ചെയ്തു
പാർട്ടി എവിടെ നിൽക്കാൻ പറഞ്ഞാലും അനുസരിക്കും. 25 വർഷമായി ഞാൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂർക്കാവ്. എന്റെയും ഭാര്യയുടെയും വീടും ഓഫീസുമൊക്കെ ഈ മണ്ഡലത്തിലാണ്. ഓരോ സ്ഥലത്തെയും പ്രശ്‌നം എനിക്കറിയാം. വട്ടിയൂർക്കാവ് പാർട്ടി വെച്ച് നീട്ടിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു
