ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു

IAS

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.

​മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചകളിൽ പങ്കെടുത്തു സർക്കാർ നയങ്ങളെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിനും കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. കാർഷിക സർവകലാശാല വി.സി.യുടെയും സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതലകൾ വഹിക്കവെയായിരുന്നു അശോകിനെതിരെയുള്ള നടപടി.

​സമാനമായ രീതിയിൽ ചീഫ് സെക്രട്ടറിക്കെതിരെയും സർക്കാരിനെതിരെയും പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് എൻ. പ്രശാന്തിനെതിരെയും സസ്പെൻഷൻ നടപടിയുണ്ടായത്. നേരത്തെ മറ്റൊരു വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന പ്രശാന്തിന്, ചട്ടങ്ങൾ ലംഘിച്ചു മാധ്യമങ്ങളോട് സംസാരിച്ചതിനും ബി. അശോകിന് പിന്തുണ പ്രഖ്യാപിച്ചതിനും വീണ്ടും സസ്പെൻഷൻ ഉത്തരവ് ലഭിക്കുകയായിരുന്നു.

​തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഇവരുടെ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും, ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ പുനഃപരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോൾ ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കാനും സർവീസിലേക്ക് തിരിച്ചെടുക്കാനും സർക്കാർ തീരുമാനിച്ചത്. ഇരുവരുടെയും പുതിയ തസ്തികകൾ സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Tags

Share this story