അവസരം ലഭിച്ചാല്‍ ഇനിയും വിദേശയാത്ര നടത്തും.; തന്തവൈബ് പ്രയോഗം പ്രായം ഉദ്ദേശിച്ച് പറഞ്ഞതല്ല: മന്ത്രി ഒ.ജെ ജനീഷ്

ഒജെ ജനീഷ്

തിരുവനന്തപുരം: വിദേശയാത്രയിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി ഒ.ജെ ജനീഷ്. തന്ത വൈബ് പ്രയോഗം പ്രായം ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ആർക്കെങ്കിലും ആ പ്രയോഗം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഇനി അത് ആവർത്തിക്കുന്നില്ലെന്നും അവസരം ലഭിച്ചാൽ ഇനിയും വിദേശയാത്ര നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തന്ത വൈബ് എന്ന് ഞാൻ പറഞ്ഞത് ചില മാധ്യമങ്ങൾ ചർച്ച ചെയ്തപോലെ പ്രായം ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്നോട് ചോദ്യം ചോദിച്ച സമയത്ത് ഉപയോഗിച്ച ചിത്രത്തെയും സാഹചര്യത്തെയും കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു മാധ്യമം സ്ഥിരമായി ഞാനും എന്റെ ഭാര്യയും ബോട്ടിംഗിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ഉപയോഗിച്ചത്. അത് രഹസ്യമായി എടുത്തതല്ല, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ്. ആ ചിത്രം ഉപയോ​ഗിക്കരുത് എന്ന തരത്തിലാണ് ആ പ്രയോ​ഗം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാര്‍ക്ക് ആര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ? ഇത് ഏത് കാലമാണ്. തുടര്‍ച്ചയായ ജോലികള്‍ക്കിടയില്‍ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളില്‍ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും ഇടയ്‌ക്കൊക്കെ യാത്ര പോയെന്നിരിക്കും' എന്നായിരുന്നു മന്ത്രി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

Tags

Share this story