സതീശൻ കുറച്ചില്ലെങ്കിൽ ഇരട്ടത്താപ്പ്; കൊള്ള നിർത്തി സംസ്ഥാനം 10 രൂപയെങ്കിലും കുറയ്ക്കണം: കെ. സുരേന്ദ്രൻ

K surendran

തിരുവനന്തപുരം: ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന അധിക നികുതിയും സെസും അടിയന്തരമായി വേണ്ടെന്നുവെക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ധനവിലയിൽ കുറഞ്ഞത് 10 രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാനം തയ്യാറാകണം. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശൻ ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിട്ടും നികുതി കുറയ്ക്കാൻ തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് ജനങ്ങൾ കരുതേണ്ടി വരുമെന്നും സുരേന്ദ്രൻ വിമർശിച്ചു.

​രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വാറ്റും സെസും ഉൾപ്പെടെ ഏകദേശം 34 രൂപയോളമാണ് സംസ്ഥാനം നികുതിയിനത്തിൽ മാത്രം ജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. എൻഡിഎ ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ജനങ്ങൾക്ക് ആശ്വാസമേകി നികുതിയിൽ 15 രൂപയോളം കുറവ് വരുത്തിയിട്ടുണ്ട്. ഈ മാതൃക പിന്തുടരാൻ കേരളത്തിലെ യുഡിഎഫ് സർക്കാരും തയ്യാറാകണം.

​സംസ്ഥാനത്ത് ഇന്ധനവില വർധനവ് കാരണം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. എന്നാൽ ഇത് നിയന്ത്രിക്കാൻ സർക്കാർ യാതൊരുവിധ ഇടപെടലുകളും നടത്തുന്നില്ല. വില സ്ഥിരത കൈവരിച്ച ശേഷം മാത്രമേ വില കുറയ്ക്കാൻ സാധിക്കൂ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന സ്വന്തം നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Tags

Share this story