എസ് എസ് കെ ഫണ്ട് കിട്ടാതിരുന്നാൽ ഉത്തരവാദിത്തം മന്ത്രിക്കായിരിക്കില്ല; സിപിഐക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി
പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്‌കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ല. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നുവെന്നും വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു.
