പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ ഏൽപ്പിക്കാമെന്നും ജസ്റ്റിസ് ‌ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡിൽ തൃശൂർ സ്വദേശിനിയായ അക്ഷര സ്വകാര്യ ബസിടിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ രൂക്ഷമായ പ്രതികരണം. ഡെപ്യുട്ടി കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണർമാരെയും വിളിച്ചുവരുത്തിയ കോടതി ഒരാഴ്ചയ്ക്കകം ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി ഉണ്ടാകണമെന്നും നിർദേശം നൽകി.

വാഹനാപകട കേസുകളിൽ ബസ്സുടമകൾക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്തെന്നും കോടതി ചോദിച്ചു. അവർക്ക് ഉത്തരവാദിത്വം ഉണ്ട്. ബസ്സുടമകൾക്കെതിരേയും നടപടി വേണം. കൊച്ചിയിലിപ്പോ സാധാരണക്കാർക്ക് നടക്കാൻ സ്ഥലമില്ലാതായിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ടൈമിങ് എന്നൊക്കെ പറഞ്ഞ് ബസുകളുടെ അമിത വേഗത്തെ ന്യായീകരിക്കരുത്. അതൊക്കെ മോട്ടോർവാഹന വകുപ്പ് നോക്കും. റോഡിലെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

Tags

Share this story