ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. രജിസ്ട്രേഷനുകൾ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതാണ് ഈ നിയമം. 2023 ൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ജനന - മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി മാറി.
സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പ്രായവും ജനന സ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. പുതിയ നിയമപ്രകാരം ജനന - മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങൾ.
പുതിയ നിയമപ്രകാരം ജനനത്തിനോ മരണത്തിനോ ശേഷം 21 ദിവസത്തിനകം ഫീസില്ലാതെ രജിസ്റ്റർ ചെയ്യാം. 21-30 ദിവസത്തിനുള്ളിലാണെങ്കിൽ രജിസ്ട്രാർക്ക് നേരിട്ട് നിശ്ചിത തുക അടച്ച് രജിസ്റ്റർ ചെയ്യാം. 30 ദിവസം മുതൽ ഒരു വർഷത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിച്ച അധികാരിയുടെയോ അനുമതിയും പിഴയും അടയ്ക്കേണ്ടി വരും. അതും കഴിഞ്ഞ് 2 വർഷത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് നിർബന്ധമായിരിക്കും.
