തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്ന് നടിയുടെ അഭിഭാഷക; ദിലീപ് അടക്കം എല്ലാ പ്രതികളും ഇന്ന് ഹാജരാകും
നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകൾ ഹാജരാക്കി. തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതി വരെ പോകുമെന്നും അഭിഭാഷക ടി ബി മിനി പറഞ്ഞു. ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇന്ന് രാവിലെ 11 മണിക്കാണ് വിധി
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹണി എം വർഗീസാണ് വിധി പറയുന്നത്. കേസിൽ പൾസർ സുനി എന്ന എൻ എസ് സുനിൽ ഒന്നാം പ്രതിയും നടൻ ദിലീപ് എട്ടാം പ്രതിയുമാണ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്
വിധി ദിവസമായ ഇന്ന് ദിലീപ് അടക്കമുള്ള പത്ത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. ഏഴര വർഷത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്. 261 സാക്ഷികളെയാണ് വിചാരണക്കിടെ പ്രോസിക്യൂഷൻ ഹാജരാക്കിയത്. 1700ലധികം രേഖകൾ സമർപ്പിച്ചു.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.
