ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

assembly

ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ അനുവദിച്ചത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സർക്കാരിന് സൗകര്യമുള്ള വിഷയങ്ങൾ മാത്രമേ ചർച്ചക്ക് എടുക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം ആയതുകൊണ്ടാണ് നോട്ടീസ് ചർച്ചക്ക് എടുക്കാത്തതെന്ന് സ്പീക്കർ വിശദീകരിച്ചു. 

വിഷയ ദാരിദ്ര്യമാണ് പ്രതിപക്ഷത്തെ ഇത്തരം നോട്ടീസുകൾ നൽകാൻ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പയ്യന്നൂരിൽ പോലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് ഒരു മാസത്തിൽ പലതവണ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ നോട്ടീസ് തള്ളുകയായിരുന്നു. കെ കെ രമ എംഎൽഎയാണ് നോട്ടീസ് സമർപ്പിച്ചിരുന്നത്.

നോട്ടീസ് പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനോട് ഭരണപക്ഷം യോജിച്ചു. പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളും ആയി നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ നിലപാട് കടുപ്പിച്ചു. ഇന്നെന്താ ചർച്ചയില്ലേ എന്ന തലക്കെട്ടിലായിരുന്നു പ്രതിപക്ഷ ബാനർ. 50 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിച്ച് പുറത്തുപോകുകയായിരുന്നു.

Tags

Share this story