ജനിച്ചയുടനെ അമ്മ ബാത്ത് റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചു; നവജാത ശിശുവിന് രക്ഷകരായി പോലീസ്

bucket

ജനിച്ചയുടനെ അമ്മ ബാത്ത് റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചു; നവജാത ശിശുവിന് രക്ഷകരായി പോലീസ്
ആലപ്പുഴ ചെങ്ങന്നൂരിൽ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂർ പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ പ്രസവിച്ച ശേഷം ആശുപത്രിയിൽ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച വിവരം ആശുപത്രിയിൽ അറിയിച്ചത്. 

ഉടൻ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂർ ഉഷാ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

മാസം തികയുന്നതിന് മുൻപേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടൻ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമൻ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കൽ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

Share this story