ബെംഗളൂരുവിൽ നിന്നും കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിൽ കണ്ടെത്തി

താനൂർ

മലപ്പുറം: നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബാംഗ്ലൂരില്‍ പോയതിന് പിന്നാലെ കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനൂരില്‍ നിന്നാണ് താനൂര്‍ പൊലീസിന്റെ ഇടപെടലില്‍ യുവാവിനെ കണ്ടെത്തിയത്. ഓഗസ്റ്റ് ആറിന് വൈകിട്ടാണ് ഇംതിയാസ് ബെംഗളുരുവിലേക്ക് പോയത്. ഏഴിന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീടാണ് യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ ആയത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവില്‍ പഠിക്കുന്ന ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് അവിടേക്ക് പോയത്. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇംതിയാസ് കര്‍ണാടകയിലുണ്ടെന്ന് മനസിലായിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. അതിനിടയില്‍ നാഗ്പൂരില്‍ നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗ്ഗിയില്‍ ഭക്ഷണം ബുക്ക് ചെയ്തതായി കണ്ടെത്തി. മഹാരാഷ്ട്ര പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പൊലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു.നാഗ്പൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ യുവാവ് ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രാദേശിക സഹായവും പൊലീസ് തേടി. ഇംതിയാസുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ബെംഗളൂവിലേക്ക് പോയതിന്റെ ലക്ഷ്യം, ഫോണ്‍ ഓഫ് ചെയ്യാനുണ്ടായ സാഹചര്യം, നാഗ്പൂരില്‍ എങ്ങനെയെത്തി, ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. താനൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ കുടുംബത്തോടൊപ്പം അയക്കും.

Tags

Share this story