മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയിൽ; അനിലയുടെ മരണം കൊലപാതകമെന്ന് പോലീസ്

anila

കണ്ണൂർ മാതമംഗലത്ത് നിന്ന് കാണാതായ യുവതിയെ പയ്യന്നൂർ അന്നൂരിലെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനിലയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണ് രക്തം വന്നതെന്നാണ് നിഗമനം

അനിലയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദർശൻ ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും വിവാഹിതരാണ്. അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിന്റെ വീട്ടിലാണ് അനിലയെ(36) മരിച്ച നിലയിൽ കണ്ടെത്തിയത്

ജിറ്റി വീട് നോക്കാനായി വെള്ളരിയാനത്തെ സുദർശൻ പ്രസാദിനെ(34) ഏൽപ്പിച്ചിരുന്നു. സുദർശനെ ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുദർശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്ന് നോക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം ഇവിടെ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്

യുവതിയുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. മുഖത്ത് രക്തം പുരണ്ട് വികൃതമായിരുന്നു. ശനിയാഴ്ച രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്ക് പോയ അനില മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
 

Share this story