കുണ്ടറയിൽ സിപിഐ വിട്ട നേതാക്കളടക്കം മൂന്നൂറോളം പേർ സിപിഎമ്മിൽ ചേർന്നു
കുണ്ടറയിൽ സിപിഐ വിട്ട മുന്നൂറോളം പേർ സിപിഎമ്മിൽ ചേർന്നു. സിപിഐ മുൻ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ഉൾപ്പെടെ മുന്നൂറോളം പേരാണ് സിപിഎമ്മിൽ ചേർന്നത്. സിപിഐ വിട്ടവരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിയമ്മ സ്വീകരിച്ചു.
സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പിൽ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രവർത്തകരെ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. സിപിഐ കുണ്ടറ മണ്ഡലം മുൻ സെക്രട്ടറി ടി സുരേഷ്‌കുമാർ, സോണി വി പള്ളം, ഇളമ്പള്ളൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജലജാ ഗോപൻ, ആർ ശിവശങ്കരപ്പിള്ള, എം ഗോപാലകൃഷ്ണൻ, ഇ ഫ്രാൻസിസ്, ഒ എസ് വരുൺ, ജോൺ വിൻസന്റ്, പ്രിഷിൾഡ വിത്സൺ, കുമാരി ജയ, മുഹമ്മദ് ഷാൻ എന്നിവരാണ് പാർട്ടിവിട്ടവരിലെ പ്രമുഖർ.
കഴിഞ്ഞ മണ്ഡലം സമ്മേളനത്തിലായിരുന്നു പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായത്. സെക്രട്ടറിയായിരുന്ന ടി സുരേഷ് കുമാറിനെ മാറ്റി സേതുനാഥിനെ നിയമിക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശം വന്നതോടെയായിരുന്നു തർക്കമുണ്ടായത്. സേതുനാഥിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഭൂരിഭാഗം പ്രതിനിധികളും എതിർത്തിരുന്നു. ഇതോടെ നേതാക്കളും പ്രവർത്തകരും കൂട്ടമായി രാജിവെയ്ക്കുകയായിരുന്നു.
