അർധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ
താമരശേരി: രാത്രിയിൽ പൂർണനഗ്നനായി വീടുകൾക്ക് മുന്നിലെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തുന്ന അജ്ഞാതൻ സിസിടിവി ക്യാമറയിൽപെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമരശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള വെഴുപ്പൂർ ഒതയോത്ത് ഭാഗത്തെ വീട്ടിലാണ് മുഖം മറച്ച് പൂർണ നഗ്നനായ ഇയാളെത്തിയത്.
വീടിന്‍റെ പിൻവശത്ത് കൂടി മുന്നിലെത്തി കോളിങ് വെല്ലടിക്കുന്നു. വീട്ടുകാരെത്തി വാതിൽ തുറക്കുമ്പോൾ ആരെയും കാണില്ല. അപ്പോഴേക്കും വീടിന്‍റെ ഒരുവശത്തേക്ക് ഇയാൾ മറഞ്ഞു നിന്നു. വീട്ടുകാർ നാട്ടുകാരെ വിളിച്ച് കൂട്ടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവിയിലാണ് ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ഏതാനും മാസങ്ങൾക്ക് മുൻപും പ്രദേശത്ത് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിയുടെ മുഖത്ത് തുണിയിൽ പൊതിഞ്ഞ കക്കൂസ് മാലിന്യം ഇയാൾ പുരട്ടിയിരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങൾ ഈ പ്രദേശത്ത് പരിവാണ്. സംഭവത്തിൽ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
