വയനാട്ടിൽ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞു; രാഹുലിന്റെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിൽ യുഡിഎഫ്

Rahul Gandhi

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുമെന്ന ആശങ്കയിൽ യുഡിഎഫ്. കഴിഞ്ഞ തവണ പോൾ ചെയ്തത് 80.33 ശതമാനം വോട്ടുകളാണ്. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിക്കുകയും ചെയ്തു. കേരള ചരിത്രത്തിൽ ഏറ്റവുമുയർന്ന ഭൂരിപക്ഷം നൽകിയ മണ്ഡലം കൂടിയായി 2019ൽ വയനാട് മാറിയിരുന്നു

എന്നാൽ ഇത്തവണ പോളിംഗ് ഏഴ് ശതമാനം കുറഞ്ഞ് 73.48ലേക്ക് താഴ്ന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് പോളിംഗ് ശതമാനം കുറഞ്ഞത് എന്നതാണ് കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്. കൽപ്പറ്റയിൽ 72.92 ശതമാനമാണ് പോളിംഗ്. ഏറനാട് 77.32 ശതമാനം പോളിംഗ് നടന്നു. കൊടി വിവാദം ലീഗ് അണികളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് പോളിംഗിനെ ബാധിച്ചിട്ടുണ്ടെന്നുമാണ് വിലയിരുത്തൽ

അതേസമയം വോട്ടുകൾ കൃത്യമായി പോൾ ചെയ്തുവെന്ന വിശ്വാസം എൽഡിഎഫിനുണ്ട്. എൽഡിഎഫിനായി സിപിഐ ദേശീയ നേതാവ് ആനി രാജയാണ് മത്സരിച്ചത്. തങ്ങളുടെ വോട്ടുകൾ പാഴാക്കാതെ തന്നെ വോട്ടിംഗ് മെഷീനിലേക്ക് എത്തിക്കാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. പാർട്ടി വോട്ടുകൾ സ്വന്തമാക്കിയെന്ന് എൻഡിഎയും പ്രതീക്ഷ വെക്കുന്നു


 

Share this story