കൂൾ ബാറുകളിൽ പരിശോധന; 7 സ്ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്‍റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ തുടരുന്നു. ഐസ്‌ക്രീം നിര്‍മാണ, വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിർമാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിർമാണ വിതരണ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.

Share this story