വീണയുടെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ് എഫ് ഐ ഒ അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സഭാ നടപടികൾ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്

അടിയന്തര പ്രമേയത്തിന്റെ നോട്ടീസിന് പോലും അനുമതി നൽകാത്ത അസാധാരണ നടപടിയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. 

സഭക്ക് പുറത്ത് പ്ലക്കാർഡുകളും ബാനറുകളുമേന്തി പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ തന്റെ കൈകൾ ശുദ്ധമാണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story