ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; എല്ലാ രേഖകളും പിടിച്ചെടുക്കാൻ നിർദേശം: കടുത്ത നടപടിയുമായി ഹൈക്കോടതി
ശബരിമലയിലെ പടിപൂജ ബുക്കിംഗിലെ ഗുരുതര ക്രമക്കേടില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകൾ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലർ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കൂടാതെ, ബുക്ക് ചെയ്ത പടിപൂജ മറിച്ചുവിൽക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.
പടിപൂജ ബുക്കിംഗിന്റെ വിശ്വാസ്യതയില്‍ത്തന്നെ ആശങ്കയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ.
