എല്ലാ കാര്യത്തെയും എതിർക്കുന്നതാണോ പ്രതിപക്ഷം; വികസനത്തെ പിന്തുണക്കുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി

pinarayi

നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇപ്പോൾ ഇവിടെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു

എന്താണ് ഇതിന് പിന്നിലെ ചേതോവികാരം. നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കുകയല്ലേ വേണ്ടത്. മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നു. കോൺഗ്രസ്, ലീഗ് അംഗങ്ങൾ ആരുമില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. 

എല്ലാ കാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കൺമുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റാണ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത്. ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തുന്നതിന് മുമ്പ് അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷവും നടന്നിരുന്നു.
 

Tags

Share this story