സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്: തീരദേശത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീര പ്രദേശത്ത് ജാഗ്രതാ നിർദേശം നല്‍കിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജൂൺ 1 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
കേരള തീരത്ത് 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വലിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയാറാകണം. ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
