സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Rain

വേനൽ ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി മഴ വരുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നാളെ മുതൽ വെള്ളിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്. ഈ ദിവസങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

അതിനിടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടുത്ത മാസം ഒന്നിന് തുടങ്ങണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം.  

ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്‌ചകളിൽ വീടുകളിലും വെള്ളിയാഴ്‌ചകളിൽ സ്ഥാപനങ്ങളിലും, മറ്റ് തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കാനും യോഗത്തിൽ തീരുമാനമായി.

Share this story