എന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലത്: കെ കെ ശൈലജ

kerala CP

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുതിര്‍ന്ന പി ബി അംഗമാണ് പിണറായി വിജയന്‍. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും അവര്‍ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണിത്. വലിയ തോല്‍വിയാണ് ഉണ്ടായത്. മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് സ്വാഗതം ചെയ്യുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ഓണറേറിയം വര്‍ധിപ്പിച്ചതും ഓര്‍ക്കണം. കേന്ദ്ര വിഹിതം ലഭിക്കാതെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ഞെരുങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

ആശ വര്‍ക്കമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3,000 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശന്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ ആണ് 3,000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1,000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1,000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1,000 രൂപയായും വര്‍ധിപ്പിക്കും', വി ഡി സതീശന്‍ പറഞ്ഞു.

Tags

Share this story