ന്യൂനപക്ഷ സംഗമം നടത്തുന്നുവെന്നത് നുണ; ന്യൂനപക്ഷ വകുപ്പ് നടത്തുന്നത് വികസന സെമിനാർ

pinarayi

അയ്യപ്പ സംഗമത്തിന് സമാനമായി സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുവെന്നത് കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ യഥാർഥത്തിൽ മനസ്സിലാക്കാതെയോ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും സർക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതിയോ ആകാം ഇത്തരം പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

കറ തീർന്ന സങ്കുചിത രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇത്തരം പ്രചാരണം നടത്തുന്നവരെ നമുക്ക് ആ രീതിയിൽ കാണാം. വ്യക്തിപരമായി കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചില മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ബോധപൂർവം നുണ പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം കേന്ദ്രങ്ങൾ ആ നുണ പ്രചരിപ്പിക്കുന്നത് കലയായി സ്വീകരിച്ചവരാണ്. അവർ കാണുന്നത് ഒരു നുണ നല്ല രീതിയിൽ പ്രചരിപ്പിച്ചാൽ 10-20 ശതമാനം ആളുകളെ എങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നാണ്. സത്യത്തിൽ ന്യൂനപക്ഷ സംഗമത്തിന്റെ പൊരുൾ സർക്കാർ വകുപ്പുകൾ നടത്തുന്ന സെമിനാറുകൾ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Tags

Share this story