തോമസ് ഐസക്കിനെയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കിയത് വെട്ടിനിരത്തലിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്; വി. കുഞ്ഞികൃഷ്ണൻ

വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: തോമസ് ഐസക്കിനെയും ടി.പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കിയത് വെട്ടിനിരത്തലിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ. ആളുകളെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും പാർട്ടിയുടെ നിലപാടുകളിലും തീരുമാനങ്ങളിലുമാണ് മാറ്റം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടി അണികളാണെന്ന പിണറായി വിജയന്റെ പ്രസംഗത്തെ തോമസ് ഐസക് പിന്നീട് തിരുത്തിയിരുന്നു. പിണറായിയുടെ പയ്യന്നൂരിലെ പ്രസംഗത്തിന് പിന്നാലെ ആലപ്പുഴയിൽ തോമസ് ഐസക് നടത്തിയ പ്രസംഗം വ്യത്യസ്തമായ നിലപാട് മുന്നോട്ടുവയ്ക്കുന്നതായിരുന്നുവെന്നും ഇത് സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നായിരിക്കാമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കിയാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ തോമസ് ഐസക്കിനും ടി.പി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന് നേതൃത്വം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സെക്രട്ടറിയറ്റിലെ അംഗത്വവും കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതും രണ്ടാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. മേൽക്കമ്മിറ്റിയിൽ നിന്ന് പങ്കെടുക്കുന്ന അംഗങ്ങൾക്ക് സാധാരണ നിലയിൽ തീരുമാനങ്ങളെടുക്കുന്നതിൽ സെക്രട്ടറിയറ്റംഗങ്ങൾക്കുള്ള അതേ പങ്കാളിത്തമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി. ജയരാജനെ പാർട്ടിക്കുള്ളിൽ ബോധപൂർവം അകറ്റിനിർത്താനുള്ള നീക്കമുണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതിനെതിരെ പാർട്ടിക്കകത്ത് നിരന്തരം നിലപാടെടുത്ത വ്യക്തിയാണ് പി. ജയരാജനെന്നും അദ്ദേഹം പറഞ്ഞു. ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയതിനെ അനുകൂലമായ മാറ്റമായാണ് കാണുന്നതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ഒരു ഘടകം തെറ്റായ നിലപാട് സ്വീകരിച്ചാൽ അത് തിരുത്താനുള്ള ഉത്തരവാദിത്വം മേൽഘടകത്തിനുണ്ടെന്നും എന്നാൽ താൻ ഉന്നയിച്ച വിഷയങ്ങളിൽ ഉൾപ്പെടെ പല കാര്യങ്ങളിലും നേതൃത്വം ആ ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചതായി നേതൃത്വം പറയുന്ന സാഹചര്യത്തിൽ, യഥാർഥ വീഴ്ച എന്തായിരുന്നുവെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ സംഭവങ്ങളിൽ പാർട്ടിക്ക് എന്താണ് വീഴ്ച സംഭവിച്ചതെന്ന് വ്യക്തമാക്കാതെ തിരുത്തൽ നടപടികൾ മാത്രം സ്വീകരിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ മാറ്റുന്നതിനൊപ്പം പാർട്ടിയുടെ നിലപാടുകളിലും തീരുമാനങ്ങളിലും മാറ്റമുണ്ടാകുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടതെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പയ്യന്നൂരിലെ പാർട്ടി വിഷയങ്ങളും വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളും നേരത്തെ തന്നെ സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 2026 ജനുവരിയിൽ കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങൾ സിപിഎം നേതൃത്വം തള്ളിയിരുന്നു.

Tags

Share this story