അതു ചോര്‍ച്ചയല്ല; എസി ഗ്രില്ലില്‍ നിന്നുള്ള വെള്ളം വീണത്: മെയിന്റനന്‍സ് മാന്വല്‍ പ്രകാരം നടത്തുന്ന പരിശോധ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നുവെന്ന് റെയില്‍വേ

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ചയെന്നുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. എസിയുടെ ഗ്രില്ലില്‍ നിന്നുള്ള വെള്ളം കോച്ചിന് ഉള്ളിലേക്ക് വീണതാണ് മഴയെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയത്തല്ല കോച്ചുകളില്‍ വെള്ളം വീണതെന്നും റെയില്‍വേ വ്യക്തമാക്കി.
എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ ഒന്നിന്റെ എസി ഗ്രില്ലില്‍ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് ഇന്നലെ ഉദ്ഘാടന സര്‍വീസിനിടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതാണ് ചോര്‍ച്ചയാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതെന്നും റെയില്‍വേ വ്യക്തമാക്കി.
ട്രെയിനിനൊപ്പം യാത്ര ചെയ്യുന്ന ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുള്ള വിദഗ്ധരും വിവിധ വിഭാഗം റെയില്‍വേ ജീവനക്കാരും ട്രെയിന്‍ പരിശോധിച്ച് എസി ഗ്രില്ലിനുള്ളിലെ പ്രശ്‌നം പരിഹരിച്ചു. ആദ്യ സര്‍വീസുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി പരിശോധനകള്‍ തുടരുമെന്നും റെയില്‍വേ വ്യക്തമാക്കി. വന്ദേഭാരതിന്റെ മെയിന്റനന്‍സ് മാന്വല്‍ പ്രകാരം നടക്കുന്ന പരിശോധനകളുടെ ചിത്രങ്ങളാണ് ചോര്‍ച്ച അടയ്ക്കുന്നു എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും റെയില്‍വേ വ്യക്തമാക്കി.