ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റം; അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

Mardhanam 1200

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദനം അനുഭവിച്ചുവരികയായിരുന്നു. യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

മര്‍ദനത്തിലേറ്റ പരുക്കുകള്‍ക്ക് യുവതി ചികിത്സ തേടിയപ്പോള്‍ യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് അങ്കമാലി പൊലീസിനെ വിവരമറിയിച്ചത്.

തന്റെ കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നേക്കും. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം.

Tags

Share this story