മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

PMA Salam

മലപ്പുറം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന പരസ്യപ്രതികരണത്തിൽ അതൃപ്തിയുമായി മുസ്ലീം ലീഗ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. യുഡിഎഫിന്‍റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതിന് തുല്യമാണ് ഇത്തരം നീക്കങ്ങൾ. ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നൈരാഗ്യം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.

ചർച്ചകൾ‌ പാർട്ടിക്കുള്ളിൽ നടക്കട്ടെ പക്ഷേ അത് പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടത് ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലിന് പിന്തുണച്ച് കെ. സുധാകരൻ പരസ്യമായി രംഗത്ത് വന്നതും വി.ഡി. സതീശനായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളും ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്.

എ.പി അനിൽകുമാർ പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടത് ഇത്തരം ചർച്ചകളുടെ ഭാഗമാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും തർക്കങ്ങളിൽ കക്ഷി ചേരാൻ ലീഗിന് താൽപ്പര്യമില്ല. ലീഗ് മുന്നണി മര്യാദ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുവെന്നും പി.എം.എ. സലാം പറഞ്ഞു.

Tags

Share this story