പരാജയപ്പെട്ടത് ജനങ്ങള്‍ തന്നെ; അധിക നികുതിഭാരം അവര്‍ പേറും

Balagopal

നികുതിക്കൊള്ള എന്ന് ആക്ഷേപിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒന്നും പോലും സര്‍ക്കാരിനെക്കൊണ്ട്  പിന്‍വലിപ്പിക്കാന്‍ കഴിയാതെയാണ് ഇന്നു പ്രതിപക്ഷം  നിയസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. സഭാ തലത്തില്‍ സത്യഗ്രഹം  നടത്തി,  സഭയില്‍ നിന്നും  ഇറങ്ങിപ്പോയി. മാധ്യമങ്ങളെ അഭിസംബോധന ചെയ്തു എന്നല്ലാതെ പ്രതിപക്ഷത്തിനു മറ്റൊന്നും കഴിഞ്ഞില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന കടുത്ത നികുതി നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ നടപ്പാവുകയും ചെയ്തു.  ഇന്ധനസെസ് ഒരു രൂപ കുറയ്ക്കാന്‍ ഇടതുമുന്നണി തലത്തില്‍ ആലോചന വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷം സഭാതലത്തില്‍ നടത്തിയ സത്യഗ്രഹവും പ്രതിഷേധവും കാരണമാണ് ഇന്ധനസെസ് കുറച്ചത് എന്ന് വരുന്നത് പ്രതിപക്ഷത്തിനു നേട്ടവും ഭരണപക്ഷത്തിനു കോട്ടവും ആവും എന്ന വിലയിരുത്തല്‍ വന്നു. അതോടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ ഭരണതലത്തില്‍ തീരുമാനം വന്നു. അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ ഈ അധികഭാരവും ജനത്തിന്റെ ചുമലില്‍ തന്നെ വന്നു.  

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലായത്  സര്‍ക്കാരിനു മുന്നില്‍ ഒരു സമ്മര്‍ദ്ദ ശക്തിയാകാന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ലെന്നതിന്റെ തെളിവ് കൂടിയായി മാറി.  ഇന്ധന സെസ് ആയി ഏര്‍പ്പെടുത്തിയ രണ്ടു രൂപ  പിന്‍വലിച്ചില്ല. കുത്തനെ കൂട്ടിയ വെള്ളക്കരം ഒരു രൂപ പോലും കുറച്ചില്ല. ഇരുപത് ശതമാനമായി വര്‍ദ്ധിപ്പിച്ച  ഭൂമിവില കുറച്ചില്ല. കടുത്ത നികുതി നിര്‍ദ്ദേശങ്ങള്‍    ഒന്നുപോലും  സര്‍ക്കാര്‍ പിന്‍വലിച്ചില്ല. സര്‍ക്കാരിന്റെ  ധാര്‍ഷ്ട്യം, അഹങ്കാരം, പുച്ഛം എന്നൊക്കെ പ്രതിപക്ഷം പറഞ്ഞെങ്കിലും  എല്ലാം  നികുതിഭാരമായി  ജനങ്ങള്‍ക്ക് മേല്‍ വന്നു പതിക്കുകയാണ് ഉണ്ടായത്. കടുത്ത നികുതികള്‍  സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ലാതെ മറ്റാര്‍ക്കാണ്. 

പ്രതിപക്ഷം പരാജയപ്പെടുന്ന ഒരു കാഴ്ചയ്ക്ക് കൂടിയാണ് ഇന്നു സഭാതലം സാക്ഷിയായത്. എം.ബി.രാജേഷ് സ്പീക്കര്‍ ആയിരുന്ന സമയം ഒരു നിയമസഭാ സമ്മേളന കാലയളവില്‍ ഒരു ദിവസം പോലും സഭാസ്തംഭനമില്ലാതെ സഭ നടത്തി സ്പീക്കര്‍ വിജയിച്ചപ്പോഴും ഇതേ പ്രതിപക്ഷം പരാജയപ്പെടുന്നതും അന്നും സഭ കണ്ടു. ബജറ്റ് നികുതികള്‍ക്കെതിരെ കേരളത്തില്‍ നിന്നും വന്‍ ജനരോഷം ഉയരുമ്പോഴും ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി മാറാന്‍ പ്രതിപക്ഷത്തിനു കഴിയുന്നുമില്ല. വരുന്ന പതിമൂന്നു പതിനാലു തീയതികളില്‍  ജില്ലാ ആസ്ഥാനങ്ങളില്‍ രാപ്പകല്‍ സമരം നടത്തി പ്രതിഷേധിക്കാനാണ്  തീരുമാനം എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നു അറിയിച്ചത്. എപ്പോഴാണ് യുഡിഎഫ് യോഗം കൂടുന്നതെന്നോ യുഡിഎഫ് യോഗം കൂടി സമരപരിപാടികള്‍ ആലോചിക്കുമെന്നോ ഈ സമയം പ്രതിപക്ഷ നേതാവ് അറിയിച്ചതുമില്ല. 

ഇന്ധനസെസിന്റെ കാര്യത്തില്‍ നിങ്ങള്‍  കാത്തിരിക്കൂ എന്ന്    സിപിഐ നേതാവ് പ്രകാശ്ബാബു പറഞ്ഞതും വെറുതെയായി. സിപിഎമ്മിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനോ ആവശ്യങ്ങള്‍ നേടിയെടുക്കാനോ സിപിഐയ്ക്കും കഴിയുന്നില്ലെന്നതിന്റെ തെളിവ് കൂടിയായി പ്രകാശ് ബാബുവിന്റെ പ്രസ്താവന. പ്രതിപക്ഷത്തിനും  ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും  ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിപ്പിക്കുന്നതില്‍ സര്‍ക്കാരിനെ തടയാന്‍ കഴിയാതിരിക്കുമ്പോള്‍ ആത്യന്തികമായി പരാജയപ്പെടുന്നത് കേരളത്തിലെ ജനങ്ങളാണ്. ഈ അധിക നികുതി, പൊള്ളുന്ന നികുതി പേറുകയല്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരുമാര്‍ഗമില്ലാത്ത അവസ്ഥയായിരിക്കുന്നു

Share this story