ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല; പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍
പി എം ശ്രീ ധാരണാപത്രത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. മന്ത്രിസഭയിലും ഇടതു മുന്നണിയില്‍ പൂര്‍ണമായ അര്‍ഥത്തിലും ചര്‍ച്ച നടത്താതിരുന്നത് വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തുറന്നു സമ്മതിച്ചു. വിവാദം അവസാനിപ്പിച്ച് തദ്ദേശ തിരഞ്ഞടുപ്പിന് ഒരുങ്ങാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായില്ല. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് വൈകുമെന്നാണ് സൂചന.
മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതാണ് എല്‍ഡിഎഫില്‍ ഗുരുതര പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമെന്നും സിപിഐഎമ്മില്‍ പോലും കൃത്യമായ ചര്‍ച്ച നടത്തിയില്ലെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം പോലും അറിയാതെയാണ് പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത് എന്നായിരുന്നു വിമര്‍ശനം. ഇത് ശരിവെക്കുന്നതാണ് എം വി ഗോവിന്ദന്റെ ഏറ്റുപറയല്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് പി എം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറിക്കൊണ്ട് കേന്ദ്രത്തിന് കത്തയക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ ത്തയച്ചിട്ടില്ല. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയല്‍ കണ്ടില്ലെന്നാണ് സൂചന.പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ എസ്എസ്‌കെ ഫണ്ട് ലഭിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഡല്‍ഹിയ്ക്ക് പോകും. കേന്ദ്ര വിദ്യാഭ്യസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പിഎം ശ്രീ മരവിപ്പിക്കാന്‍ ഉണ്ടായ സാഹചര്യവും, ഫണ്ട് തടയരുതെന്ന ആവശ്യവും വി ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിക്കും.
