എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം നേടും; കേരളത്തിൽ ആറ് സീറ്റ് വരെ ബിജെപിക്ക് ലഭിക്കും: കെ സുരേന്ദ്രൻ

K surendran
കെ. സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപി ആറ് വരെ സീറ്റുകൾ നേടും. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തിൽ 25 ശതമാനത്തിലധികം വോട്ട് കിട്ടും. പ്രധാനമന്ത്രിക്ക് അനുകൂലമായ വോട്ട് കേരളത്തിൽ ലഭിക്കുമെന്നും കെ സുരേന്ദ്രൻ.

യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറയും. സർക്കാരിനെതിരായ വികാരം യുഡിഎഫിന് ഗുണമാകില്ല. പക്ഷേ സർക്കാർ വിരുദ്ധ വികാരം ബിജെപിയുടെ വോട്ടാകും. 2021 ലെ പരാജയത്തിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു. മൈനോറിറ്റി വോട്ടടക്കം നല്ല രീതിയിൽ കിട്ടി. തൃശ്ശൂരിൽ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും തൃശ്ശൂരിൽ മാസ് സപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം വോട്ട് മറിച്ചെന്ന് കെ മുരളീധരൻ പ്രതീക്ഷിക്കുന്നുണ്ടാവും. വയനാട്ടിൽ വിജയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചല്ല മൽസരിച്ചത്. വയനാട്ടിൽ ബിജെപി വോട്ട് കൂടും. രാഹുലിൻ്റെ ഭൂരിപക്ഷം കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് ഒന്നു മുതല്‍ മൂന്ന് സീറ്റു വരെയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Share this story