എല്ലാം 'മോദി ഗ്യാരന്‍റി', ഇടത്-വലത് മുന്നണികൾക്ക് വിമർശനം; ക്രൈസ്തവ നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

തൃശൂർ: നിരവധി ഉന്നത സ്ത്രീകളെ സൃഷ്ടിച്ച നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശൂരിൽ 'സ്ത്രീശക്തി മോദിക്കൊപ്പ'മെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരികളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്.

മോദി ഗ്യാരന്‍റിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കായി ചെയ്ത കാര്യങ്ങൾ എണ്ണിഎണ്ണി പറഞ്ഞ മോദി എല്ലാം സാധ്യമായത് മോദിയുടെ ഗ്യാരന്‍റിയാണെന്ന് എടുത്തു പറഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖിൽ നിന്ന് മോചനം നേടിക്കൊടുത്തതും മോദിയുടെ ഗ്യാരന്‍റിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാനായി ഇവിടെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ട്. കാശിയുടെ പാർലമെന്‍റ് അംഗമാണ് ഞാൻ. കാശി ദേവൻ ശിവന്‍റെ മണ്ണാണ്. അവിടെ നിന്നും വടക്കുനാഥന്‍റെ മണ്ണിലേക്കെത്തിയത് അനുഗ്രഹമാണ്. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരഥിയമ്മ തുടങ്ങി നിരവധി പേർ‌ക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസിയായ നഞ്ചിയമ്മ എത്ര കഴിവുള്ള കലാകാരിയാണ്. പി.ടി. ഉഷ തുടങ്ങി നിരവധി പ്രതിഭകളെ സൃഷ്ടിച്ച നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്‍റിയെക്കുറിച്ചാണ്. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ഇത് സ്ത്രീകളുടെ ശക്തിയാണെന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇടത്, വലത് പക്ഷ സർക്കാരുകൾ സ്ത്രീ ശക്തിയെ ദുർബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഇടതു പക്ഷവും വഞ്ചനയുടെ നാടകമാണ് കളിക്കുന്നത്. ഇപ്പോൾ അവർ ഇന്ത്യ മുന്നണിയുണ്ടാക്കി. ആശയങ്ങളും നയങ്ങളും ഒരു വ്യത്യാസവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ വികസനമുണ്ടാവണമെങ്കിൽ മോദി വരണം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രം നൽകുന്ന പണത്തിന്‍റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നതാണ് നയം. കണക്ക് ചോദിച്ച് കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുന്നു.

ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സർക്കാരിന്‍റെ കഴിവില്ലായ്മയാണ് ഇതെല്ലാം കാണിക്കുന്നത്. എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് വലിയ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവർ എന്നെ അനുഗ്രഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this story