ഹർഷാദ് ജയിൽ ചാടിയിട്ട് 24 മണിക്കൂർ പിന്നിട്ടു; സൗകര്യമൊരുക്കിയത് ലഹരിക്കടത്ത് സംഘമെന്ന് നിഗമനം

harshad

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇയാളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഹർഷാദ് സംസ്ഥാനം വിട്ടതായാണ് സൂചന. ലഹരിക്കടത്ത് സംഘമാണ് ജയിൽ ചാടാനുള്ള സൗകര്യം ഹർഷാദിന് ഒരുക്കി നൽകിയതെന്നാണ് നിഗമനം

കർണാടകയിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണ് പ്രതി രക്ഷപ്പെട്ടത്. ജനുവരി ഒമ്പതിന് ഇയാളെ ജയിലിൽ സന്ദർശിക്കാനെത്തിയ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. ജയിൽ ചാട്ടത്തിൽ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. 

ജയിലിലേക്കുള്ള പത്രമെടുക്കാൻ രാവിലെ 6.45ന് ദേശീയപാതയ്ക്ക് സമീപത്തേക്ക് പോയ ഇയാൾ അവിടെ കാത്തുനിന്ന ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു. ജയിൽ വസ്ത്രത്തിൽ തന്നെയാണ് ഹർഷാദ് രക്ഷപ്പെട്ടത്. ബൈക്കിൽ കണ്ണൂർ ഭാഗത്തേക്കാണ് ഇവർ പോയത്. ലഹരിമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ഹർഷാദ്.
 

Share this story