ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷം: ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസെടുത്തു

hasan

മലപ്പുറം അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെയും കേസ്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കളി കാണാൻ എത്തിയപ്പോൾ മർദിച്ചെന്നാണ് പരാതി

കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും കൂട്ടമായി മർദിച്ചെന്നുമായിരുന്നു ഐവറി കോസ്റ്റ് താരത്തിന്റെ പരാതി. തന്നെ കല്ലെറിഞ്ഞെന്നും ഹസൻ ജൂനിയർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹസൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു

അരീക്കോട് പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റിനിടെയാണ് സംഘർഷമുണ്ടായത്. ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിന് വേണ്ടിയാണ് ഹസൻ കളിക്കാനെത്തിയത്. ഇതിനിടെ താരത്തെ കാണികൾ കൂട്ടമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
 

Share this story