ജയിൽ കോഴക്കേസ്: ഡിഐജി വിനോദ് കുമാർ കൊടി സുനിയിൽ നിന്നും കൈക്കൂലി വാങ്ങി

vinod kumar

ജയിൽ കോഴക്കേസിൽ അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്നാണ് വിവരം. ഗൂഗിൾ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്ന് വിനോദ് കുമാർ കൈക്കൂലി വാങ്ങിയത്.

എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ജയിൽ ആസ്ഥാനം ഡിഐജിയായ വിനോദ് കുമാറിന്റെ വഴിവിട്ട നടപടികൾ വിജിലൻസ് മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു

സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങൾ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലം മാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്ന് പണം വാങ്ങിയെന്നാണ് വിവരം.
 

Tags

Share this story