യുദ്ധക്കെടുതിയിൽ ഗൾഫിലെ ജോലി നഷ്ടമായി; നാട്ടിലെത്തിയ ഉടൻ പ്രവാസി കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു: രണ്ട് മരണം

Dead

കുന്നംകുളം (തൃശ്ശൂർ): വിദേശത്തെ യുദ്ധക്കെടുതിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയും കുടുംബവും കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂർ കുന്നംകുളം പഴഞ്ഞിയിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഗൃഹനാഥനായ സിബി (50), മൂത്തമകൾ അലീന (18) എന്നിവർ മരണപ്പെട്ടു. സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഗൾഫിൽ ഡിസൈനറായി ജോലി ചെയ്യുകയായിരുന്ന സിബി, അവിടെയുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ഈ കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം.

​വിഷം കഴിച്ചതിന് ശേഷം സിബി ഞരമ്പ് മുറിച്ച് കിണറ്റിൽ ചാടുകയായിരുന്നു. മകൾ അലീന വിഷം കഴിച്ച ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ മകൻ ആദിത്യൻ തന്നെ കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് അമ്മയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story