സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; വെളിപ്പെടുത്തലുമായി ജി. സുധാകരൻ
ആലപ്പുഴ: സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ സഹകരണ വകുപ്പിൽ ജോലി നൽകിയിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്കാണ് തന്റെ കാലയളവിൽ സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
എന്നാൽ, തന്റെ കുടുംബത്തിലുള്ള ആർക്കും താൻ ജോലി നൽകിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം യാഥാർത്ഥ്യങ്ങൾ മാധ്യമങ്ങൾ കാണാതെ പോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമർശങ്ങൾ.
