മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് ഗൗരവതരം; യൂത്ത് കോൺഗ്രസിനെതിരെ മന്ത്രി വി ശിവൻകുട്ടി

sivankutty

ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെക്കുക എന്നാൽ അത്യന്തം ഗൗരവതരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിഞ്ഞു കൊണ്ട് നടത്തിയ സമരമാണിതെന്നും ശിവൻകുട്ടി ആരോപിച്ചു

യൂത്ത് കോൺഗ്രസ് ജനാധിപത്യവിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ട. അത്തരം വിരട്ടലിൽ തോറ്റുപോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ. ആരോഗ്യമേഖലയിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യാം. യൂത്ത് കോൺഗ്രസ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിന്റെ വാതിലിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. വസതിക്ക് മുന്നിൽ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേയ്ക്ക് എത്തി.  പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു.
 

Tags

Share this story