കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക്; അന്തിമ തീരുമാനം ഇന്ന്
കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ ജയകുമാറിനെ ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഞ്ച് പേരുകളാണ് പരിഗണിച്ചത്. ഇതിൽ കൂടുതൽ പരിഗണന കെ ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി നിർദേശിച്ചതും ജയകുമാറിന്റെ പേരാണ്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി വിഎൻ വാസവൻ നിർദേശിച്ചത്.
വെല്ലുവിളി എന്നതിനേക്കാൾ വലിയ അവസരമായി ഇതിനെ കാണുമെന്നായിരുന്നു കെ ജയകുമാറിന്റെ പ്രതികരണം. തീർഥാടനം ഭംഗിയാക്കുക എന്നതാണ് ലക്ഷ്യം. വിശ്വാസികളുടെ വിശ്വാസത്തെയും കാത്തുരക്ഷിക്കണം. സർക്കാർ അർപ്പിച്ച വിശ്വാസവും കാക്കണമെന്നും കെ ജയകുമാർ പ്രതികരിച്ചു.
