Sunday, 15 November 2026 About Us · Contact Us

മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണം; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോ​ഗ്യ മന്ത്രിമാർ

Sma Drug Controversy Press Conference Of Former Health - മുൻ ആരോഗ്യ മന്ത്രിമാർ
എസ്എംഎ മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐഎം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

പുതിയ ആരോഗ്യമന്ത്രി എല്ലാത്തിനെയും നിസ്സാരമായി കണ്ടു. യുഡിഎഫിനെ പ്രശംസിച്ച മാധ്യമങ്ങള്‍ നിശിതമായി ആരോഗ്യവകുപ്പിനെ വിമർശിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിമർശനം. കാതലായ വിമർശനമാണ് ഉയരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. പല സ്ഥലങ്ങളിലും ഡോക്ടർമാരില്ല, മരുന്നില്ല. നീതി ബോധത്തോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പല നടപടിയും തിരുത്തേണ്ടി വരികയാണെന്നും അവർ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മരുന്നിന്റെ വില നോക്കിയിട്ടില്ല. എത്ര വിലയാണെങ്കിലും എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. ക്ലിനിക്കല്‍ ട്രയലിന് വേണ്ടി മരുന്ന് നല്‍കിയത് തെറ്റായ നടപടിയാണ്. ഉദ്യോഗസ്ഥരാണ് മരുന്ന് വാങ്ങേണ്ടത്. ടെന്‍ഡര്‍ നടപടികള്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. നാറ്റ്‌കോ മേധാവികള്‍ എസ്എടി സൂപ്രണ്ട് വഴി മന്ത്രിയുടെ ഓഫീസില്‍ എത്തി. ഒരിക്കലും അങ്ങനെ ചെയ്യാനാവില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

മന്ത്രിയെ മേധാവികൾ കണ്ട ശേഷം ഉത്തരവിറങ്ങി. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത ഗുരുതര പിഴവ് സംഭവിച്ചു. കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയത്വം പുലർത്തുന്ന നിലയിലേക്ക് ആരോഗ്യമന്ത്രി മാറി. കമ്പനിയും മന്ത്രിയും നേരിട്ടാണ് ബന്ധം. കെ മുരളീധരന് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അവർ പറഞ്ഞു. കുഞ്ഞുങ്ങളെ എങ്ങനെ പരീക്ഷണ വസ്തുകളാക്കി എന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മരുന്ന് കമ്പനിക്കാരെ മന്ത്രിയുടെ ഓഫീസില്‍ പ്രോത്സാഹിപ്പിക്കാറില്ലായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. മന്ത്രിക്ക് മുന്നില്‍ വന്ന് കമ്പനിക്കാര്‍ മരുന്ന് കച്ചവടം നടത്തിയത് ശരിയല്ല. ബയോ ഇക്വാളിറ്റി ടെസ്റ്റ് നടന്നിട്ടില്ലെങ്കില്‍ അപകടകരമാണ്. ക്ലിനിക്കല്‍ ട്രയല്‍ മരുന്ന് കൊടുത്തത് അപകടകരമാണ്. രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്നും കെ കെ ശൈലജ പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തില്‍ അപാകതയുണ്ട്. അംഗങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ട്. പിപിപി മോഡല്‍ മുന്നോട്ട് വെക്കാനാണ് ശ്രമം. കേരളത്തില്‍ എന്തിനാണ് ആരോഗ്യ മേഖലയില്‍ പിപിപിയെന്നും അവര്‍ ചോദിച്ചു.

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുകയാണെന്ന് മുന്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചെയ്തത് തെറ്റല്ലെങ്കില്‍ ബോട്ടിലുകള്‍ എന്തിനാണ് തിരിച്ച് വാങ്ങിയതെന്നും അവര്‍ ചോദിച്ചു. റെയിൽവേ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ആരോഗ്യ വകുപ്പിന് എതിരായ വാർത്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചോദ്യങ്ങളോട് വീണാ ജോർജ് പ്രതികരിച്ചു.

ഇ എന്‍ സുരേഷ് ബാബു പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം മാറിയെന്നാണ് പറഞ്ഞതെന്നും മാധ്യമങ്ങളോടുള്ള ചോദ്യത്തോട് പി കെ ശ്രീമതി പ്രതികരിച്ചു. മാധ്യമങ്ങള്‍ അങ്ങനെ അല്ലെന്നാണ് പറയുന്നത്. സെക്രട്ടറിയേറ്റില്‍ ഒന്നും പറഞ്ഞില്ല. അങ്ങോട്ട് പോയി കുത്തി ചോദിക്കാന്‍ തങ്ങളില്ലെന്നും അവര്‍ പറഞ്ഞു. പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ചും അവർ പ്രതികരിച്ചു. ദിവ്യ പാർട്ടി അംഗമാണ്. പാർട്ടി വിട്ട് എങ്ങോട്ടും പോകില്ലെന്നും പി കെ ശ്രീമതി പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

5 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

6 മണിക്കൂർ മുൻപ്